ഹൈദരാബാദ്: തെലങ്കാനയിൽ വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ എന്ത് ശിക്ഷ വേണമെങ്കിലും കൊടുത്തോളാൻ പ്രതികളുടെ അമ്മമാർ. തങ്ങളുടെ മക്കൾ ചെയ്ത ക്രൂരകൃത്യത്തിന്റെ നടുക്കം മാറിയിട്ടില്ല ഈ അമ്മമാർക്ക്.
“എനിക്കും ഒരു മകളുണ്ട്. അവന് നിങ്ങൾ എന്തു ശിക്ഷ വേണമെങ്കിലും കൊടുത്തോളൂ,” പ്രതികളിലൊരാളുടെ അമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“നിങ്ങൾ അവനെ തൂക്കിക്കൊല്ലുകയോ വെടിവച്ച് കൊല്ലുകയോ ചെയ്തോളൂ. മകനെ തിരികെ വേണമെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ കേൾക്കുമോ? മറ്റുള്ളവർ പറയില്ലേ നിങ്ങൾക്കിത്ര വേദന ഉണ്ടെങ്കിൽ, കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയ്ക്ക് എത്ര വേദന കാണും എന്ന്,” പ്രതിയുടെ അമ്മ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
പ്രതിയെ തൂക്കിലേറ്റണമെന്ന ആവശ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അവർ. ആരോഗ്യനില മോശമായതിനാൽ ആറ് മാസമായി തന്റെ മകൻ ഒരു ജോലിയും ചെയ്തിരുന്നില്ലെന്നും അവർ പറയുന്നു.
അവർ അച്ചടക്കമുള്ള ജീവിതം നയിച്ചിരുന്നുവെന്നും സംഭവത്തിന് ശേഷം ആളുകളെ അഭിമുഖീകരിക്കാൻ കഴിയില്ലെന്നും മറ്റൊരു കുടുംബാംഗം പറയുന്നു.
കുറ്റം ചെയ്തതിന് ഉചിതമായ ശിക്ഷ നൽകണമെന്ന് മറ്റൊരു കുറ്റവാളിയുടെ അമ്മയും പറഞ്ഞു. “നിങ്ങൾ എന്തും ചെയ്യുക. ദൈവത്തിന് മാത്രമേ അറിയൂ,” അവർ പറഞ്ഞു.
അന്നേരാത്രി (നവംബർ 28)യിൽ ഒരു അപകടം സംഭവിച്ചതായി മകൻ പറഞ്ഞുവെന്ന് ഒന്നാം പ്രതിയുടെ മാതാപിതാക്കൾ പറയുന്നു.
കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് 20 നും 24 നും ഇടയിൽ പ്രായമുള്ള നാല് പ്രതികളെയും നവംബർ 29 ന് അറസ്റ്റ് ചെയ്യുകയും ശനിയാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.
സംഭവത്തിനെതിരെ തെലങ്കാനയിലെ മറ്റു പല സ്ഥലങ്ങളിലും പ്രതിഷേധം നടന്നിരുന്നു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്.
അതേസമയം പ്രതികളുടെ വിചാരണ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ഉത്തരവിട്ടു. അതിവേഗ കോടതി സജ്ജമാക്കി വിചാരണ നടപടികൾ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി അധികൃതർക്ക് നിർദേശം നൽകി. കൊലപാതകത്തെ അതിഭീകരമായ അവസ്ഥയെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഇരയായ ഡോക്ടറുടെ കുടംബത്തിനൊപ്പം സർക്കാർ ഉണ്ടാകുമെന്നും നീതി ലഭ്യമാക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും ചന്ദ്രശേഖര റാവു ഉറപ്പ് നൽകി.
പ്രതികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പ്രതിഷേധം നടന്നിരുന്നു. അതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിർദേശം. പ്രതികളായ നാലുപേര്‍ക്കും തൂക്കുകയര്‍ വിധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഡോക്ടര്‍ താമസിച്ചിരുന്ന കോളനിയിലെ താമസക്കാരാണ് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത്.