കർണാടക മുൻ നിയമസഭാ സ്പീക്കർ കെ ആർ രമേശ് കുമാർ ജൂലൈയിൽ 17 കർണാടക എംഎൽഎമാരെ അയോഗ്യരാക്കിയ ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. എംഎൽഎമാരെ കോൺഗ്രസിൽ നിന്നും ജെഡി (എസ്) യിൽ നിന്നും അയോഗ്യരാക്കിയത് സുപ്രീം കോടതി ശരിവെച്ചുവെങ്കിലും അയോഗ്യതയുടെ കാലാവധി അവസാനിപ്പിച്ചു. അതിനാൽ, അയോഗ്യരായ എല്ലാ എംഎൽഎമാരെയും വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ഉത്തരവ് അനുവദിക്കുന്നു. നിലവിലെ നിയമസഭയുടെ കാലാവധി 2023- ൽ അവസാനിക്കുന്നതു വരെ എംഎൽഎമാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന് മുൻ സ്പീക്കർ ഉത്തരവിൽ പറഞ്ഞിരുന്നു.
കർണാടക മുൻ നിയമസഭാ സ്പീക്കർ കെ ആർ രമേശ് കുമാർ ജൂലൈയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി കോൺഗ്രസ്, ജെഡി (എസ്) അംഗങ്ങളായിരുന്ന പതിനേഴ് കർണാടക എംഎൽഎമാരെ അയോഗ്യരാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം ഇവർ കോടതിയെ സമീപിക്കുകയായിരുന്നു. ബിഎസ് യെദ്യൂരപ്പയുടെ കീഴിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് വഴിയൊരുക്കിയ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് മുൻ കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രാജിവെച്ചിരുന്നു.
ജസ്റ്റിസുമാരായ എൻ വി രമണ, സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവരടങ്ങിയ മൂന്ന് ജഡ്ജിമാരുടെ ബെഞ്ച് ഒക്ടോബർ 25 ന് അയോഗ്യരായ എംഎൽഎമാർ സമർപ്പിച്ച ഹർജിയിൽ വിധി പറയാൻ മാറ്റിവച്ചിരുന്നു. എംഎൽഎമാരെ അയോഗ്യരാക്കിയതിനെത്തുടർന്ന് ഒഴിഞ്ഞുകിടന്ന കർണാടക നിയമസഭാ സീറ്റുകളിൽ 17 എണ്ണത്തിൽ 15 ലേക്ക് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 5 ന് നടക്കും.