Olavanna/ഒളവണ്ണ

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കില്‍ കോഴിക്കോട് ബ്ളോക്കില്‍ ഒളവണ്ണ, പന്തീരാങ്കാവ് വില്ലേജ് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് ഒളവണ്ണ ഗ്രാമപഞ്ചായത്ത്. 23.43 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് പെരുമണ്ണ, വാഴയൂര്‍ (മലപ്പുറം) ഗ്രാമപഞ്ചായത്തുകള്‍, പടിഞ്ഞാറ് കോഴിക്കോട് കോര്‍പ്പറേഷന്‍, തെക്ക് ചെറുവണ്ണൂര്‍ നല്ലളം, രാമനാട്ടുകര ഗ്രാമപഞ്ചായത്തുകള്‍, വടക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍, പെരുമണ്ണ ഗ്രാമപഞ്ചായത്ത് എന്നിവയാണ്. കോഴിക്കോട് നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ കിഴക്കുമാറി കോഴിക്കോട് കോര്‍പ്പറേഷനുമായി തൊട്ടു കിടക്കുന്ന പ്രകൃതി മനോഹരമായ ഒരു ഗ്രാമമാണ് ഒളവണ്ണ. ഇരിങ്ങല്ലൂര്‍ വില്ലേജ് മാത്രം ഉള്‍പ്പെട്ടുകൊണ്ട് 1954-1955-ല്‍ ഇരിങ്ങല്ലൂര്‍ പഞ്ചായത്ത് രൂപം കൊണ്ടു. നാരാട്ട് ദാമോദരക്കുറുപ്പ് ആയിരുന്നു ഇരിങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്. കൈപൊക്കി വോട്ട് ചെയ്താണ് തെരഞ്ഞെടുപ്പ് നടന്നത്. വര്‍ഷത്തില്‍ രണ്ടായിരം രൂപ മാത്രമായിരുന്നു പഞ്ചായത്തിന്റെ വരുമാനം. ജനസഹകരണത്തോടെ പെരിങ്കൊല്ലന്‍ തോട് ചീര്‍പ്പ്, മാത്തറ-പാലാഴി നടപ്പാത നിര്‍മ്മാണം എന്നിവയായിരുന്നു മുഖ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. ഒളവണ്ണ, കൊടല്‍ പ്രദേശങ്ങള്‍ രണ്ട് വില്ലേജുകള്‍ മാത്രമായിരുന്നു. ഇരിങ്ങല്ലൂര്‍ പഞ്ചായത്തും, ഒളവണ്ണ, കൊടല്‍ വില്ലേജുകളും കൂട്ടിച്ചേര്‍ത്ത് ഒളവണ്ണ പഞ്ചായത്ത് 1964-ല്‍ രൂപം കൊണ്ടു. ഒളവണ്ണ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് എം.കെ. കണ്ടക്കുട്ടിയായിരുന്നു. 1995 ഓക്ടോബര്‍ 2-ന് പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഒളവണ്ണ ഗ്രാമപഞ്ചായത്ത് രൂപം കൊണ്ടു. കോഴിക്കോട് നഗരത്തിനോട് ചേര്‍ന്നുകിടക്കുന്ന ഒളവണ്ണ, പന്തീരാങ്കാവ് റവന്യൂ വില്ലേജുകള്‍ ഉള്‍ക്കൊള്ളുന്ന ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഒരു കാലത്ത് പൂര്‍ണ്ണ കാര്‍ഷികമേഖലയായിരുന്നു. തെക്കുഭാഗം 5.5 കിലോമീറ്റര്‍ ചാലിയാറും തെക്കു പടിഞ്ഞാറ് 6.5 കിലോമീറ്റര്‍ ചെറുപുഴയും വടക്കും, വടക്കുപടിഞ്ഞാറുഭാഗവും കോഴിക്കോട് കോര്‍പ്പറേഷനും, കിഴക്ക് പെരുവയല്‍ പഞ്ചായത്തും ഉള്‍ക്കൊള്ളുന്നതാണ് പഞ്ചായത്തിന്റെ അതിരുകള്‍. പെരുവയല്‍ പഞ്ചായത്തില്‍ കൂടി ഒഴുകിവരുന്ന മാമ്പുഴ, പഞ്ചായത്തിനെ നെടുകെ മുറിച്ചുകൊണ്ട് പഞ്ചായത്തിന്റെ ഹൃദയഭാഗത്തിലൂടെ 6.5 കലോമീറ്റര്‍ ഒഴുകി കല്ലായി പുഴയുമായി ചേരുന്നു. സമുദ്രനിരപ്പില്‍ നിന്നും ഏറ്റവും കുറഞ്ഞഉയരം 2.5 മീറ്ററും ഏറ്റവും കൂടിയ ഉയരം 49 മീറ്ററും ആകുന്നു. ഏറ്റവും ഉയരം കൂടിയ പാലകുറുമ്പ കുന്നടക്കം 32 കുന്നുകള്‍ പഞ്ചായത്തിലുണ്ട്.

ഏഷ്യയിലെ ഏറ്റവും വലിയ ബൊട്ടാണിക്കല്‍ ഗാര്‍ഡനായി വളരാന്‍ സാധ്യതയുള്ള പ്രകൃതിരമണീയമായ ഇരങ്ങല്ലൂര്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ പലയിനം ഔഷധച്ചെടികളടക്കം 4000-ത്തില്‍ പരം സസ്യഇനങ്ങള്‍ നട്ടുവളര്‍ത്തി പരിപാലിച്ചുവരുന്നു. സസ്യശാസ്ത്ര സംബന്ധമായ ഗവേഷണനിരീക്ഷണങ്ങളും ഇവിടെ നടത്തിവരുന്നുണ്ട്. പന്തീരാങ്കാവിനടുത്ത് തൊണ്ടശ്ശേരി കാവിനോടനുബന്ധിച്ച് (തെണ്ടേരികാവ്) അഞ്ച് ഏക്കറോളം വരുന്ന ഔഷധ സസ്യങ്ങളടക്കമുള്ള ഒരു വനഭൂമിയും ഈ പഞ്ചായത്തിലുണ്ട്. രുദ്രാക്ഷം, ദേവദാരു, പശുവ തുടങ്ങിയ അപൂര്‍വ്വ സസ്യങ്ങളും ഇവിടെ കാണാം. ചാലിയാറില്‍ മണക്കടവ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന 12.8 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള പെരുവന്‍ തുരുത്തും മുക്കത്ത് ഭാഗത്ത് സ്ഥിതി ചെയ്യുന്ന 3.5 ഏക്കറും 0.58 ഏക്കര്‍ വിസ്തീര്‍ണ്ണമുളള രണ്ടു തുരുത്തുകളും 96.64 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള കാക്കാതുരുത്തിയും പഞ്ചായത്തിന്റെ നാളികേര ഉല്‍പാദന മേഖലയില്‍ ഗണ്യമായ പങ്കുവഹിക്കുന്നു. ഒരുകാലത്ത് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമച്വര്‍ നാടകങ്ങള്‍ സജീവമായിരുന്നു. ഒരു പാട് നാടന്‍ കലകളുടെ ഈറ്റില്ലമായിരുന്നു ഗ്രാമപഞ്ചായത്ത്. തിറ, തെയ്യം, കോല്‍ക്കളി, കളംപാട്ട്, ദഫ്മുട്ട്, തായം, ഏറ് എന്നിവ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുടെ ഭാഗമായി നടന്നുവരാറുണ്ട്.

 

ചരിത്രം

മലബാറിന്റെ സാംസ്കാരിക സിരാകേന്ദ്രമായ കോഴിക്കോട് നഗരത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് ഒളവണ്ണ. സാമൂതിരി രാജാക്കന്‍മാരുടേയും തുടര്‍ന്നുവന്ന ബ്രിട്ടീഷ് ഭരണാധികാരികളുടെയും സ്വാധീനം ഈ പ്രദേശത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെ സ്വാധീനിച്ചിട്ടുണ്ട്. വളക്കൂറുള്ള മണ്ണിന്റെ സാന്നിദ്ധ്യം കൊണ്ട് സമ്പുഷ്ടമായ പ്രദേശം ആയതുകൊണ്ടാണ് പഞ്ചായത്തിന് ഒളവണ്ണ എന്ന പേര് സിദ്ധിച്ചതെന്ന് പറയപ്പെടുന്നു. പഴയ കാലത്ത് പഞ്ചായത്തിലെ ഭൂവുടമാവകാശം പ്രധാനമായും സാമൂതിരി രാജവംശത്തില്‍ നിന്നും അയ്യായിരപ്രഭുകര്‍ത്താവിന്റെ കൈവശത്തിലായിരുന്നു. അവരില്‍ നിന്നും പല നാടുവാഴി തറവാടുകളുടെ കൈവശത്തിലായി. പൂര്‍ണ്ണമായും ഒരു കാര്‍ഷിക മേഖലയായിരുന്ന ഇവിടെ പാട്ടവ്യവസ്ഥ കൊണ്ടും മേല്‍ ചാര്‍ത്ത് സമ്പ്രദായം കാരണം കടുത്ത ചൂഷണത്തിനും വിധേയരാകുമായിരുന്നു യഥാര്‍ത്ഥ കര്‍ഷകര്‍. 1957-ല്‍ അധികാരത്തില്‍ വന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഗവണ്‍മെന്റ് ആദ്യമായി ഒപ്പുവെച്ച കുടി ഒഴിപ്പിക്കല്‍ നിരോധന ഓര്‍ഡിനന്‍സിലൂടെ നൂറുകണക്കിന് ദരിദ്ര കുടിയാന്മാര്‍ ജന്മിമാരുടെ ഒഴിപ്പിക്കല്‍ ഭീഷണിയില്‍ നിന്ന് മോചിതരായി. ഒളവണ്ണ പഞ്ചായത്തിന്  ശക്തമായ സാംസ്ക്കാരിക പാരമ്പര്യമുണ്ട്. സ്വാതന്ത്ര്യപ്രസ്ഥാന കാലഘട്ടത്തിലും അതിനുശേഷവും വായനശാലകള്‍ വഴി വയോജനവിദ്യാഭ്യാസം നല്‍കാനും, കലാപരിപാടികള്‍  സംഘടിപ്പിക്കാനും, ജനങ്ങളുടെ പൊതുബോധം ഉയര്‍ത്താനും ഇതു കാരണമായിട്ടുണ്ട്. ഒളവണ്ണ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 47 ഹിന്ദുക്ഷേത്രങ്ങളും 27 മുസ്ളീം പള്ളികളും ഇന്നുണ്ട്. ക്ഷേത്രകലകളായ തെയ്യം, തിറ എന്നിവ ഇവിടെ സജീവമായിരുന്നു. കോല്‍ക്കളി, പരിചമുട്ടുകളി, വട്ടക്കളി, പുലിക്കളി, തുടിതോറ്റം, ദഫ്മുട്ട് തുടങ്ങി നാടന്‍ കലകളും ഇവിടുത്തെ പ്രത്യേകതയായിരുന്നു. പഞ്ചായത്തിന്റെ മദ്ധ്യത്തിലായി  നിലനില്‍ക്കുന്ന പാലകുറുമ്പ ക്ഷേത്രം എല്ലാ ജാതിമതസ്ഥരും ഒത്തുചേരുന്ന ഒരു വന്‍ ഉത്സവകേന്ദ്രം തന്നെയാണ്. ഇവിടുത്തെ താലപ്പൊലി, പാട്ടുത്സവം, വേല എന്നിവ ഒളവണ്ണക്കാര്‍ക്കെന്ന പോലെ അയല്‍ പ്രദേശത്തുകാര്‍ക്കും ഒരുത്സവം തന്നെയാണ്. ഇന്നും ആയിരങ്ങള്‍  ഇവിടെ ഒത്തുചേരുന്നു. ഏകദേശം നാലായിരം  കൊല്ലം മുമ്പ് നാറാണത്തു ഭ്രാന്തന്‍ സ്ഥാപിച്ചതാണ് ഇവിടുത്തെ പന്തീരാങ്കാവ് ക്ഷേത്രമെന്ന് ഐതിഹ്യമുണ്ട്. അതുപോലെ സാമൂതിരി രാജാവിന്റെ പതിനെട്ടര ക്ഷേത്രങ്ങളില്‍ പെട്ടതാണ് തലപ്പണക്ഷേത്രമെന്നും, ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നാശം സംഭവിച്ചതാണ് മൂര്‍ക്കനാട് അയ്യപ്പക്ഷേത്രം എന്നും ഐതിഹ്യമുണ്ട്. ഒടുമ്പ്രയിലെ കള്ളിക്കുന്നിന് സമീപമുള്ള ഒടുമ്പ്ര പഴയ ജൂമാ അത്ത് പള്ളിക്ക് 600 വര്‍ഷത്തെ പഴക്കമുണ്ട്. ക്ഷേത്രപ്രവേശന സ്വാതന്ത്ര്യത്തിനുവേണ്ടി എ.കെ.ജി.യുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ സമരത്തില്‍ പങ്കെടുത്ത വടക്കുവീട്ടില്‍  കുമാരന്‍ സംസ്ഥാന തലത്തില്‍ താമ്രപത്രം നേടിയ വ്യക്തിയാണ്. ഇരുപതാം നൂറ്റാണ്ടുകള്‍ക്ക് മുമ്പ്  വിജ്ഞാന ദാഹികളായ മുന്‍തലമുറക്കാര്‍ നാട്ടെഴുത്തു കളരികളും കുടിപ്പള്ളിക്കൂടങ്ങളും സ്ഥാപിച്ച് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നു. ഔപചാരിക വിദ്യാഭ്യാസത്തെ ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രാഥമിക വിദ്യാലയം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ സ്ഥാപിതമായ പന്തീരാങ്കാവ് യു.പി.സ്ക്കൂളാണ്. 1930-ല്‍ രൂപീകൃതമായ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ മൂന്ന് വിദ്യാലയങ്ങളും പത്തോളം എയ്ഡഡ് സ്ക്കൂളുകളുമാണ് സ്വാതന്ത്ര്യലബ്ധിക്ക് മുമ്പുണ്ടായിരുന്നത്. 1966-ലാണ് ആദ്യമായി ആധുനിക ചികിത്സാ സംവിധാനത്തിന്റെ ഭാഗമായി പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പഞ്ചായത്തില്‍ കൊടല്‍ നടക്കാവില്‍ സ്ഥാപിതമാകുന്നത്. ഒളവണ്ണ പഞ്ചായത്തിലെ മാങ്കാവ്-കണ്ണിപറമ്പ് റോഡാണ് ഗതാഗത വികസനത്തിനാധാരം. നാട്ടുരാജാക്കന്മാരുടെ കാലഘട്ടത്തില്‍ സാമൂതിരി കോവിലകത്തിന്റെ കീഴിലുള്ള കണ്ണിപറമ്പ് തീര്‍ത്ഥകുന്ന് ക്ഷേത്രത്തിലേക്ക് സാമൂതിരി കുടുംബം എഴുന്നള്ളിയിരുന്ന നടപ്പാതയായിരുന്നു ഇത്. 1965-66-ലാണ് കുന്നത്തുപാലത്തേക്ക് ബസ് ഗതാഗതമുണ്ടായത്. 1930-ല്‍ പാലാഴിയില്‍ സ്ഥാപിച്ച ഗ്രാമപോഷിണി വായനശാലയാണ് ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പ്രഥമ സാംസ്കാരിക സ്ഥാപനം. 1946-ല്‍ മണക്കടവില്‍ വിദ്യാഭ്യാസ തല്‍പരരുടെയും സാമൂഹ്യരാഷ്ട്രീയരംഗത്തെ പ്രവര്‍ത്തകരുടെയും ശ്രമഫലമായി ആത്മബോധോദയം വായനശാല സ്ഥാപിതമായി. 1956-ല്‍ പന്തീരാങ്കാവില്‍ ഗ്രാമസേവനി വായനശാലയും കോന്തനാരി ഗ്രാമീണ വായനശാലയും പ്രവര്‍ത്തമാരംഭിച്ചു. കൊടല്‍നടക്കാവിലെ യുവജനവായനശാല 1958-ല്‍ സ്ഥാപിതമായി. തൊണ്ടിലക്കടവിലെ പൊതുവായനശാലയും ഇരിങ്ങല്ലൂരിലെ നവകേരള വായനശാലയും പുരോഗമന സാംസ്ക്കാരിക പരിഷ്ക്കരണത്തിന്റെ ഭാഗമായി നിലവില്‍ വന്നവയാണ്.

പൊതുവിവരങ്ങള്‍

ജില്ല

:

കോഴിക്കോട്
ബ്ലോക്ക്

:

കോഴിക്കോട്
വിസ്തീര്‍ണ്ണം

:

23.43 ച.കി.മീ
വാര്‍ഡുകളുടെ എണ്ണം

:

23

ജനസംഖ്യ

:

44398
പുരുഷന്‍മാര്‍

:

21963
സ്ത്രീകള്‍

:

22435
ജനസാന്ദ്രത

:

2072
സ്ത്രീ : പുരുഷ അനുപാതം

:

1022
മൊത്തം സാക്ഷരത

:

93.29
സാക്ഷരത (പുരുഷന്‍മാര്‍ )

:

97.11
സാക്ഷരത (സ്ത്രീകള്‍ )

:

89.57
Source : Census data 2001