Breaking News

അനുമതി കാത്ത് 407 ചർട്ടേഡ് വിമാനങ്ങൾ; വരാനിരിക്കുന്നത് ഒന്നര ലക്ഷത്തോളം പ്രവാസികൾ

തിരുവനന്തപുരം: വിദേശത്തുനിന്ന് സംസ്ഥാനത്തേക്കുവരാൻ അനുമതി കാത്തുകിടക്കുന്നത് 407 ചാർട്ടേഡ് വിമാനം. ഇതോടെ ഗൾഫിൽനിന്നടക്കം ഒന്നേകാൽലക്ഷത്തോളം പേർകൂടി തിരികെയെത്തും.
മടങ്ങിയെത്തുന്നവരിൽ 64 ശതമാനം പേരും തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ഏഴു ജില്ലകളിൽനിന്നുള്ളവരാണ്. ഈ ജില്ലകളിൽ ക്വാറന്റീൻ നടപടികൾ ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചു. തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ ആവശ്യമായവർക്ക് നിരീക്ഷണകേന്ദ്രം ഒരുക്കാനും മറ്റുള്ളവർ വീടുകളിൽ കഴിയുമ്പോൾ ക്വാറന്റീൻ ലംഘനമില്ലെന്നുറപ്പാക്കാനും തദ്ദേശസ്ഥാപനങ്ങൾക്കും പോലീസിനും നിർദേശം നൽകി.
മുന്നൂറോളം ചാർട്ടേഡ് വിമാനങ്ങൾ ഉടനെത്തുമെന്നാണു കരുതുന്നതെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സർക്കാരിനെ അറിയിച്ചു. ഇതിൽ അമ്പതിനായിരത്തിനും ഒരുലക്ഷത്തിനുമിടയിൽ ആളുകളെയാണു പ്രതീക്ഷിക്കുന്നത്. വിമാനം വരുന്നതിന് മൂന്നുദിവസം മുമ്പുമാത്രമാണ് യാത്രക്കാരുടെ പട്ടിക അതത് എംബസികൾ സർക്കാരിനു കൈമാറുക.
തിരിച്ചെത്തുന്നവരിൽ 64 ശതമാനം സ്ത്രീകളും പ്രായമായവരും കുട്ടികളുമടങ്ങുന്ന ദുർബല വിഭാഗമാണ്. ഇവരെ വിമാനത്താവളങ്ങളിൽത്തന്നെ ദ്രുതപരിശോധനയ്ക്ക് വിധേയമാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. തിരിച്ചെത്തിയവരിൽ യു.എ.ഇ., സൗദി, കുവൈത്ത്‌, ഖത്തർ എന്നിവിടങ്ങളിൽനിന്നെത്തിയവർക്കാണ് രോഗബാധ കൂടുതൽ.
ഇതിൽ 665 പേർ ഐസൊലേഷനിലാണ്. വിദേശത്തുനിന്നെത്തിയവരിൽ 3692 പേർ ഗർഭിണികളായിരുന്നു. ഇതിൽ 34 പേർ കപ്പൽമാർഗമെത്തിയവരാണ്. 1480 പേർ വയോജനങ്ങളും 4507 പേർ പത്തുവയസ്സിൽ താഴെയുള്ള കുട്ടികളുമായിരുന്നു. പ്രവാസികളുടെ ഈ അനുപാതംകൂടി കണക്കിലെടുത്താണ് ക്വാറന്റീൻ നടപടികൾ ത്വരപ്പെടുത്തുക.

*നാട്ടിലെത്താൻ 5.59 ലക്ഷം പേർ*

വിദേശത്തുനിന്നും രാജ്യത്തിനകത്തുനിന്നുമായി ഡിസംബർവരെ നാട്ടിലെത്താൻ 5,59,125 പേർ നോർക്കയിൽ രജിസ്റ്റർചെയ്തിട്ടുണ്ട്. ഇതിൽ 40,653 പേരാണ് വിദേശത്തുനിന്ന് രജിസ്റ്റർചെയ്തത്.
മൊത്തം രജിസ്റ്റർ ചെയ്തവരിൽ പാസിന് അപേക്ഷിച്ചവർ 4,29,060 പേരാണ് (പ്രവാസികൾ-38,165). ഇതിൽ 3,79,032 പേർക്ക് പാസ് അനുവദിച്ചു (പ്രവാസികൾ-38,165).

*🛬വന്ദേഭാരത് മിഷൻ*

എത്തിയ വിമാനങ്ങൾ 218
യാത്രക്കാർ 53,545
കപ്പൽവഴി എത്തിയവർ 1621

*നോർക്കയിൽ രജിസ്റ്റർചെയ്ത് ഇതുവരെ വിദേശത്തുനിന്ന് നാട്ടിലെത്തിയവർ-36,200*

കോഴിക്കോട്-4704
മലപ്പുറം-4690
കണ്ണൂർ-4547
തൃശ്ശൂർ-3820
എറണാകുളം-2972
തിരുവനന്തപുരം-2819
കൊല്ലം-2715
പാലക്കാട്-2037
കാസർകോട്-1834
ആലപ്പുഴ-1790
കോട്ടയം-1664
പത്തനംതിട്ട-1654
വയനാട്-511
ഇടുക്കി-443

(എംബസികൾവഴി മാത്രം രജിസ്റ്റർചെയ്തും ചാർട്ടേഡ് വിമാനങ്ങളിലും വന്നവർ പുറമേ)

*എത്തിച്ചേർന്ന പ്രവാസികൾ (പ്രധാന രാജ്യങ്ങൾ. നോർക്ക കണക്കുകൾപ്രകാരം)*

ദുബായ്-9297
അബുദാബി-5222
മസ്‌കറ്റ്-3960
കുവൈത്ത്‌-3419
ദോഹ-2948
മനാമ-2610
മാലി-1601
റിയാദ്-1325
ജിദ്ദ-1180
ദമാം-991
സലാല-912
റാസൽ ഖൈമ-507
ലണ്ടൻ-465
ക്വലാലംപുർ-357
സിങ്കപ്പൂർ-317
ലാവോസ്-295
മോസ്‌കോ-247
മെൽബൺ-228
റോം-173

No comments