ഒളവണ്ണ പഞ്ചായത്ത് പ്രസിഡണ്ടിനും ഭരണസമിതിക്കും എൽഡിഎഫ് സ്വീകരണം

ഒളവണ്ണ: ഭരണരംഗത്തും സാമൂഹിക- വികസന- ക്ഷേമ പ്രവർത്തനങ്ങളിലും മികച്ച പ്രവർത്തനം കാഴ്‌ചവച്ച് ദേശീയ അംഗീകാരം സ്വന്തമാക്കിയ ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ശാരുതിക്കും ഭരണസമിതി അംഗങ്ങൾക്കും സ്വീകരണം നൽകി. ഇ എം എസ് ഹാളിൽ എൽഡിഎഫ് ഒളവണ്ണ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. ഇ രമേശ് അധ്യക്ഷനായി. പി ടി എ റഹീം എംഎൽഎ പ്രസിഡന്റ് പി ശാരുതിക്കും ഭരണസമിതി അംഗങ്ങൾക്കുമുള്ള ഉപഹാരം നൽകി. സിപിഐ ജില്ലാ സെക്രട്ടറി പി ഗവാസ്, സിപിഐ എം കോഴിക്കോട് സൗത്ത് ഏരിയാ സെക്രട്ടറി കെ ബൈജു, മുക്കം മുഹമ്മദ് (എൻസിപി), ശർമദ് ഖാൻ (നാഷണൽ ലീഗ്), ശോഭ അബൂബക്കർ ഹാജി (ഐഎൻഎൽ), ഒളവണ്ണ പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ രവി പറശ്ശേരി, കെ തങ്കമണി എന്നിവർ സംസാരിച്ചു. ബാബു പറശ്ശേരി സ്വാഗതവും പി ഷിജിത്ത് നന്ദിയും പറഞ്ഞു.
സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വിശിഷ്ടാതിഥിയായി പഞ്ചായത്തിനുള്ള ആദരവ് പ്രസിഡന്റ് അഡ്വ. പി ശാരുതി ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര പഞ്ചായത്ത് രാജ് സഹമന്ത്രി പ്രൊഫ. എസ് പി സിങ് ബാഗേലിൽനിന്ന് ഏറ്റുവാങ്ങിയിരുന്നു.
No comments