Breaking News

രാജമല ദുരന്തത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി: ധനസഹായം പ്രഖ്യാപിച്ചു; മരണം 16 ആയി

മൂന്നാർ: ഇടുക്കി രാജമലയിൽ ഉണ്ടായ കനത്ത
മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 16 ആയി.
അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും
ഉൾപ്പടെയുള്ളവരാണ് മരിച്ചത്. പ്രാധാനമന്ത്രി
നരേന്ദ്രമോദി ദുരിത ബാധിതർക്ക് ധനസഹായം
പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട്
ലക്ഷം രൂപ നൽകും. പരിക്കേറ്റവർക്ക്
അമ്പതിനായിരം രൂപയും സഹായം
പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിത ബാധിതർക്കൊപ്പമെന്ന്
മോദി ട്വിറ്ററിൽ കുറിച്ചു. 78 പേരാണ് രാജമലയിൽ
അപകടത്തിൽപ്പെട്ടത്. ഇതിൽ പന്ത്രണ്ട് പേരെ
രക്ഷപ്പെടുത്തി. ഇനിയും 50 പേരെ
കണ്ടെത്താനുണ്ട്. ഇവർക്കായി തെരച്ചിൽ
തുടരുകയാണ്.
ഗാന്ധിരാജ് (48), .ശിവകാമി (38),.വിശാൽ (12),
രാമലക്ഷ്മി (40), മുരുകൻ (46), മയിൽ സ്വാമി
(48), കണ്ണൻ (40), അണ്ണാദുരെ (44), രാജേശ്വരി
(43 ), കൗസല്യ (25), തപസിയമ്മാൾ (42), സിന്ധു
(13), നിതീഷ് (25), പനീർശെൽവം (5),
ഗണേശൻ(40) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റവരെ മൂന്നാർ ടാറ്റാ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ
ഐസിയുവിലാണ്. ഗുരുതരമായി പരിക്കേറ്റവരെ
കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും.
അപകട സ്ഥലത്ത് നാല് ലയങ്ങളിലായി 36
മുറികളിൽ 20 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്.

മൂന്നാറിൽ നിന്ന് 20 കിലോമീറ്റർ അകലെ
രാജമലയ്ക്കടുത്തുള്ള നെയ്മക്കാട്
ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ്
മണ്ണിടിച്ചിലുണ്ടായത്. ലയങ്ങൾക്ക് മുകളിലേക്ക്
മണ്ണിടിഞ്ഞിറങ്ങി വീഴുകയായിരുന്നുവെന്നും, രണ്ട്
ലയങ്ങൾ പൂർണമായി തകർന്നുവെന്നുമാണ്
വിവരം.
തമിഴ് തോട്ടം തൊഴിലാളികളാണ് ഇവിടെ
താമസിച്ചിരുന്നത്. ആസ്ബസ്റ്റോസ് ഷീറ്റുകളിട്ട
ലയങ്ങളിൽ പലതും പൂർണമായും
മണ്ണിനടിയിലായി എന്നാണ് വിവരം. ഒരു വശത്ത്
നദി ശക്തമായി കുത്തിയൊഴുകുന്ന ദൃശ്യങ്ങളും
പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം
സജീവമായി പുരോഗമിക്കുകയാണ്. കാലാവസ്ഥ
അനുകൂലമായാൽ എയർലിഫ്റ്റിംഗ് അടക്കം
സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ കനത്ത
മഴയും മഞ്ഞും ഉള്ളതിനാൽ നിലവിൽ
എയർലിഫ്റ്റിംഗ് സാധ്യമല്ലാത്ത സ്ഥിതിയാണ്
എന്നാണ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ
വ്യക്തമാക്കിയത്.
നിലവിൽ പെരിയവര പാലത്തിന് നടുവിൽ
ജെസിബി ഉപയോഗിച്ച് മണ്ണിട്ട്
താൽക്കാലികമായി അപ്രോച്ച് റോഡ്
നിർമിച്ചിരിക്കുകയാണ്. ഇത് വഴിയാണ്
പരിക്കേറ്റവരെ പുറത്തേക്ക് എത്തിച്ചത്.
പ്രദേശവാസികളെത്തി ഫോറസ്റ്റ് ഉദ്യോഗസ്ഥരെ
വിവരമറിയിക്കാൻ മണിക്കൂറുകൾ വൈകി.
ഇതിനാൽ ഇന്നലെ രാത്രി ഉണ്ടായ അപകടം
ഏറെ വൈകിയാണ് പുറംലോകമറിഞ്ഞത്.
ഇരവികുളം നാഷണൽ പാർക്ക്
അവസാനിക്കുകയും ഇടമലക്കുടി തുടങ്ങുകയും
ചെയ്യുന്ന മേഖലയിലാണ്
അപകടമുണ്ടായിട്ടുള്ളത്. മൂന്നാറിൽ നിന്ന്
ഏതാണ്ട് 20 കിലോമീറ്റർ ദൂരം മാത്രമേ
ഇവിടേയ്ക്ക് ഉള്ളൂ. പക്ഷേ വഴിയിലുള്ള
പെരിയവര താൽക്കാലികപാലം
ഒലിച്ചുപോയതോടെ, ഫോറസ്റ്റ് ചുറ്റിയുള്ള വഴി
മാത്രമേ ഉണ്ടായിരുന്നുള്ളൂ.


No comments