Breaking News

ആഗസ്ത് 9 ന് സംസ്ഥാന വ്യാപകമായി അക്ഷയ കേന്ദ്രങ്ങള്‍ അടച്ചിടും: സ്റ്റേറ്റ് ഐ.ടി എംപ്ലോയീസ് യൂണിയന്‍

 


കാലഹരണപ്പെട്ട സേവന നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനും അന്യായമായി അക്ഷയ കേന്ദ്രങ്ങളില്‍ നടത്തുന്ന വിജിലന്‍സ് റെയ്ഡിനെതിരെയുമാണ് അടച്ചിടല്‍ സമരം.

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ സേവനങ്ങളുടെ ഫ്രണ്ട് ഓഫീസായി സാധാരണക്കാരായ ജനങ്ങള്‍ക്ക് നിസ്തുല സേവനം ചെയ്യുന്ന അക്ഷയ സംരഭകര്‍ വര്‍ഷങ്ങളായി വലിയ പ്രതിസന്ധി നേരിടുകയാണ്. ഇതിന് കാരണമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി അക്ഷയ കൂട്ടായ്മകള്‍ പലപ്പോഴും സര്‍ക്കാരിനെ സമീപച്ചെങ്കിലും നാളിതുവരെ ഒരുപരിഹാരവുമുണ്ടായിട്ടില്ല.


എന്നാല്‍ അക്ഷയ കേന്ദ്രങ്ങളെ പരമാവധി നിയന്ത്രിക്കുന്നതിനും കുറ്റപ്പെടുത്തുന്നതിനും തളര്‍ത്തുന്നതിനും പലനടപടികളും അധികൃതരുടെ ഭാഗത്തുനിന്നും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
ഏറ്റവും അവസാനമായി സര്‍ക്കാരിന് പൂര്‍ണ നിയന്ത്രണമുള്ള അക്ഷയ കേന്ദ്രങ്ങളെയും സര്‍ക്കാര്‍ തന്നെ നിയമിച്ച് നിയന്ത്രിക്കുന്ന പ്രൊജക്ട് ഓഫീസ് ജീവനക്കാരേയും കള്ളന്‍മാരും കൈക്കൂലിക്കാരുമായി ചിത്രീകരിച്ച് ജനമധ്യത്തില്‍ അപമാനിതരാക്കുന്ന വിധം വിജിലന്‍സ് വിഭാഗത്തെ കൊണ്ട് സംസ്ഥാനത്താകെ മിന്നല്‍ പരിശോധനയും നടത്തിയിരിക്കുന്നു.


അക്ഷയക്ക് നേതൃത്വം നല്‍കുന്ന ഐ.ടി. വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ കീഴില്‍ തന്നെയാണ് ഈ വിജിലന്‍സുമെന്നത് നമുക്ക് മറക്കാതിരിക്കാം. 

 സംസ്ഥാനത്ത് മൂവായിരത്തോളം അക്ഷയ കേന്ദ്രങ്ങളില്‍ ആരെങ്കിലും ചിലര്‍ അമിതഫീസ് ഈടാക്കുന്നുവെങ്കില്‍, 14 ജില്ലാ പ്രൊജക്ട് ഓഫീസില്‍ ഏതെങ്കിലും ഒരാള്‍ കൈക്കൂലി വാങ്ങുന്നുവെങ്കില്‍ അവരെ നിയമത്തിന്റെ വഴിയില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് വളരെ ലളിതമായ പലമാര്‍ഗങ്ങളുമുണ്ടെന്നിരിക്കെ, അക്ഷയ കേന്ദ്രങ്ങള്‍ മുഴുക്കേ നിരങ്ങാന്‍ വിജിലന്‍സിനെ കയറൂരിവിടുന്നത് അക്ഷയ വിരുദ്ധരെ സന്തോഷിപ്പിക്കാന്‍ മാത്രമാണ്.
ഈ അവസരത്തിലെങ്കിലും നമ്മള്‍ കണ്ണുതുറന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ പിന്നീടൊരവസരം ഉണ്ടാകണമെന്നില്ല.
ആകയാല്‍ വിജിലന്‍സ് പരിശോധന നടന്നയുടനെ, അതില്‍ പ്രതിഷേധിച്ച്  അക്ഷയ കേന്ദ്രങ്ങള്‍ അടച്ചിട്ട് പ്രതിഷേധിക്കാന്‍ സ്‌റ്റേറ്റ് ഐ.ടി. എപ്ലോയീസ് യൂണിയന്‍ (SITeU) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

 


പ്രധാനമായും താഴെ ചേര്‍ക്കുന്ന ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് പ്രതിഷേധം

  • അക്ഷയ കേന്ദ്രങ്ങളില്‍ അനാവശ്യ പരിശോധനയും നിയന്ത്രണങ്ങളും അവസാനിപ്പിക്കുക.
  • പതിറ്റാണ്ട് മുമ്പ് നിശ്ചയിച്ച സേവന നിരക്ക് സംരഭക സംഘടനകളുമായുള്ള വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം കാലാനുസൃതമായി പരിഷ്‌കരിക്കുക.
  • അനവധി തവണ മാറ്റിവെച്ച, അംഗീകൃത സംരഭക സംഘടനാ പ്രതിനിധികളുടെ യോഗം എത്രയും പെട്ടന്ന് വിളിച്ചുചേര്‍ക്കുക.
  • നിലവിലുള്ള സംരഭകര്‍ക്ക് സുരക്ഷയൊരുക്കാനാവാതെ പുതിയ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിച്ച് വീണ്ടും കുടുതല്‍ യുവതി-യുവാക്കളെ കെണിയില്‍പെടുത്തി ഭാവി നഷ്ടപ്പെടുത്താനുള്ള നീക്കം അവസാനിപ്പിക്കുക.
  • അക്ഷയ കൊണ്ട് മാത്രം ജീവിക്കാനാവാത്തതിനാല്‍ അക്ഷയ കേന്ദ്രം കൃത്യമായി പ്രവര്‍ത്തിപ്പിച്ചുകൊണ്ട് തന്നെ സ്വദേശത്തോ വിദേശത്തെ മറ്റുതൊഴിലുകളിലേര്‍പ്പെട്ടവര്‍ക്കെതിരേയുള്ള നടപടി പുനഃപരിശോധിക്കുക.
  • സംരഭകന്റെ സമ്പാദ്യവും ജീവിതവും നഷ്ടപ്പെടുത്തി ഉയര്‍ത്തികൊണ്ടുവന്ന അക്ഷയ കേന്ദ്രങ്ങള്‍ തുടര്‍ന്ന് നടത്തി കൊണ്ടുപോകാനാവാത്ത സാഹചര്യങ്ങളില്‍ ബന്ധുക്കള്‍ക്കോ, സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യതയുള്ള മറ്റു വ്യക്തികള്‍ക്കോ കൈമാറാന്‍ അനുവദിക്കുക.
  • സംസ്ഥാനത്ത് മുഴുവന്‍ ഓണ്‍ലൈന്‍ സേവനങ്ങളും ഇ-ലിറ്ററസി പ്രോഗ്രാമുകളും അക്ഷയയിലൂടെ മാത്രം നടപ്പാക്കുക.
  • അക്ഷയക്ക് സമാന്തരമായി സ്വകാര്യ വ്യക്തികളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും ആരംഭിച്ചിട്ടുള്ള ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ നിരുപാധികം അടച്ചുപൂട്ടുക.
  • അക്ഷയ സംരഭകരെയും പ്രൊജക്ട് ഓഫീസ് ജീവനക്കാരെയും സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കുക.


തുടങ്ങിയവക്കൊപ്പം കാലങ്ങളായി നമ്മള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്കായി നടത്തുന്ന പ്രതിഷേധത്തില്‍ ഓഗസ്റ്റ് 9 ബുധനാഴ്ച മുഴുവന്‍ സമയം നമ്മുടെ അക്ഷയ കേന്ദ്രങ്ങള്‍ പൂര്‍ണമായി അടച്ച് എല്ലാവരും സഹകരിക്കണമെന്ന് സംരഭകരോടും കൂട്ടായ്മകളോടും ഐ.ടി എംപ്ലോയീസ് യൂണിയന് നേതാക്കള് അഭ്യര്ത്ഥിച്ചു.


No comments