Breaking News

നിധിന്റെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു: ആതിരയെ കാണിക്കും; സംസ്‌കാരം വൈകിട്ട് പേരാമ്പ്രയില്‍

കോഴിക്കോട്: ദുബായില്‍ മരിച്ച പ്രവാസി നിധിന്റെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക് ഉടന്‍ തന്നെ പുറപ്പെടും. സംസ്‌കാരം വൈകിട്ട് പേരാമ്പ്രയില്‍ നടക്കും.

കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ പ്രസവിച്ച ആതിരയെ മൃതദേഹം കാണിക്കും. തുടര്‍ന്ന് പേരാമ്പ്രയിലേക്ക് കൊണ്ടുപോകും. പതിനൊന്നുമണിയോടെ ആംബുലന്‍സ് കോഴിക്കോടെത്തും. കഴിഞ്ഞ ദിവസമാണ് ദുബായിലെ താമസസ്ഥലത്തു വച്ച് നിധിന്‍ മരിച്ചത്. പ്രിയതമന്റെ വേര്‍പാടറിയാതെ ആതിര ഇന്നലെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ നിയമപോരാട്ടം നടത്തിയത് ഗര്‍ഭിണിയായ ആതിരയും ഭര്‍ത്താവ് നിതിന്‍ ചന്ദ്രനുമായിരുന്നു.

അന്ന് ആതിരയോടൊപ്പം നാട്ടിലെത്താന്‍ ഭര്‍ത്താവ് നിധിനും ടിക്കറ്റ് ലഭിച്ചിരുന്നു. പക്ഷെ നിധിന്റെ നല്ല മനസ് തന്നേക്കാള്‍ ആത്യാവശ്യമായി നാട്ടിലെത്തേണ്ട ഒരാള്‍ക്കായി ആ ടിക്കറ്റ് നല്‍കി. പ്രസവ സമയത്ത് നാട്ടിലെത്താമെന്നായിരുന്നു നിധിന്‍ ആതിരക്ക് നല്‍കിയ വാക്ക്.

ദുബായില്‍ ഐടി എന്‍ജിനീയറായ ആതിര ലോക്ഡൗണില്‍ വിദേശത്തു കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചതോടെയാണു ശ്രദ്ധേയയായത്. കഴിഞ്ഞ ദിവസം നിധിന്റെ മരണവാര്‍ത്തയറിഞ്ഞ ബന്ധുക്കള്‍, പ്രസവത്തിനു മുന്‍പുള്ള കോവിഡ് പരിശോധനയ്‌ക്കെന്ന പേരില്‍ ആതിരയെ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലേക്കു മാറ്റി.

ജൂലൈ ആദ്യവാരമാണു പ്രസവത്തീയതി കണക്കാക്കിയിരുന്നതെങ്കിലും ഭര്‍ത്താവിന്റെ മരണവിവരം അറിയിക്കുന്നതിനു മുന്‍പ് പ്രസവശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ രാവിലെ 11.40ന് ആതിര പെണ്‍കുഞ്ഞിനു ജന്മം നല്‍കി.

No comments