രക്ഷാദൗത്യത്തില്‍ റവന്യു, ആരോഗ്യം, പൊലിസ് വകുപ്പുകള്‍ നടത്തിയ യോജിച്ച ഇടപെടലാണ് കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരണസംഖ്യ കുറയ്ക്കാന്‍ സഹായകരമായത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രക്ഷാദൗത്യത്തില്‍ റവന്യു, ആരോഗ്യം, പൊലിസ് വകുപ്പുകള്‍ നടത്തിയ യോജിച്ച ഇടപെടലാണ് കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരണസംഖ്യ കുറയ്ക്കാന്‍ സഹായകരമായത്. കോഴിക്കോട് കലക്ടറേറ്റ് കേന്ദ്രീകരിച്ച് വെള്ളിയാഴ്ച രാത്രി മുഴുവന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അപകട വിവരം അറിഞ്ഞയുടന്‍ തന്നെ കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലയിലെ നൂറോളം ആംബുലന്‍സുകള്‍ അപകടത്തില്‍പെട്ടവരെ ആശുപത്രികളില്‍ എത്തിക്കാന്‍ എയര്‍പോര്‍ട്ടിലേക്ക് അയച്ചു. എയര്‍പോര്‍ട്ടില്‍ നിന്ന് ആശുപത്രികളിലേക്കുള്ള ആംബുലന്‍സുകളുടെ യാത്ര സുഗമമാക്കാന്‍ പൊലിസ് രാത്രി മുഴുവന്‍ റോഡില്‍ കാവല്‍ നില്‍ക്കുകയായിരുന്നു.
മെഡിക്കല്‍ കോളജ് ആശുപത്രി, ബീച്ച് ജനറല്‍ ആശുപത്രി എന്നിവയ്ക്ക് പുറമേ നഗരത്തിലെ സ്വകാര്യ ആശുപത്രികളും അപകടത്തില്‍പെട്ടവരുടെ ചികിത്സയ്ക്കായി സജ്ജമാക്കി. ഓരോ ആശുപത്രിയിലും ചികിത്സയുടെ ഏകോപനത്തിനായി ഡെപ്യൂട്ടി കലക്ടര്‍മാരുള്‍പ്പെടെ റവന്യൂ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി, എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യവിഭാഗത്തിന്റെ പ്രത്യേക കണ്‍ട്രോള്‍ റൂം വഴി അടിയന്തര ചികിത്സയ്ക്ക് ആവശ്യമായ നിര്‍ദേശങ്ങളും വിവിധ ആശുപത്രികള്‍ക്ക് നല്‍കുകയുണ്ടായി. അപകടത്തില്‍പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ പ്രദേശവാസികള്‍ ഓടിയെത്തിയത് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി.
ചികിത്സയില്‍ കഴിയുന്നവര്‍ക്ക് വേണ്ടി രക്തം ലഭ്യമാക്കാന്‍ സന്നദ്ധപ്രവര്‍ത്തകരേയും നാട്ടുകാരേയും അതത് ആശുപത്രികളിലെ ബ്ലഡ് ബാങ്കുകളില്‍ എത്തിക്കുന്നതിന് ദുരന്തനിവാരണ അതോറിറ്റി ഡെ.കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്റെ നേതൃത്വം നല്‍കി. കോവിഡ് ഭീതി മാറ്റി നിര്‍ത്തിയാണ് യുവാക്കള്‍ രക്തം നല്‍കാനായി കുതിച്ചെത്തിയത്.
No comments