തീരദേശ പരിപാലന നിയമം: 6 പഞ്ചായത്തുകൾക്ക് ഇളവില്ല
തിരുവനന്തപുരം∙ പുതിയ സിആർസെഡ് വിജ്ഞാപനപ്രകാരമുള്ള തീരദേശ പരിപാലന പ്ലാനിൽ കേരളത്തിലെ നഗരസ്വഭാവമുള്ള 66 പഞ്ചായത്തുകൾക്കു മേഖലാ മാറ്റം നൽകാൻ ദേശീയ തീര പരിപാലന അതോറിറ്റി തീരുമാനിച്ചെങ്കിലും ഇക്കൂട്ടത്തിലെ 6 പഞ്ചായത്തുകൾക്ക് ഇളവുണ്ടാകില്ല. അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, ചിറയിൻകീഴ്, കരുംകുളം, കോട്ടുകാൽ, വെങ്ങാനൂർ പഞ്ചായത്തുകളിൽ ആണവ ധാതു ഖനനത്തിനു ശുപാർശയുള്ളതിനാലാണ് ഇവയെ സോൺ രണ്ടിൽ ഉൾപ്പെടുത്താൻ കഴിയാത്തതെന്നു കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചു. ഇവ സോൺ മൂന്നിൽ തുടരും. 175 പഞ്ചായത്തുകൾക്ക് ഇളവു നേടാനുള്ള ശ്രമം ഭാഗികമായി വിജയിച്ചെങ്കിലും മറ്റുള്ളവ കൂടി ഉൾപ്പെടുത്താൻ കേരളം നിയമപരമായ മാർഗങ്ങൾ തേടും.
തീരനിയന്ത്രണത്തിൽ കൂടുതൽ ജനങ്ങൾക്ക് ആശ്വാസം കിട്ടാൻ പരിസ്ഥിതി വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി വി.വേണുവിന്റെ നേതൃത്വത്തിൽ ഒരു വർഷമായി തുടരുന്ന അധ്വാനമാണു ഭാഗികമായെങ്കിലും ഫലം കണ്ടത്. 2021ലെ വിജ്ഞാപനപ്രകാരം നഗരസ്വഭാവമുള്ള 398 പഞ്ചായത്തുകളെയാണു ഗ്രേഡ് എ ആയി തരംതിരിച്ചത്. ഇവയിൽ സിആർസെഡ് മൂന്ന് ബാധകമായ 175 പഞ്ചായത്തുകളെ ഇളവുകളുള്ള സിആർസെഡ് രണ്ടിൽ ഉൾപ്പെടുത്തണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്. എന്നാൽ കേരളം നടത്തിയത് ഇളവു നേടാൻ മാത്രമുള്ള തരംതിരിവാണെന്നും നഗരപഞ്ചായത്ത് പദവി നൽകണമെന്നുമായിരുന്നു കേന്ദ്രത്തിന്റെ എതിർവാദം. നഗരപഞ്ചായത്ത് പദവി നൽകിയാൽ, ഗ്രാമപ്പഞ്ചായത്ത് എന്ന നിലയ്ക്കുള്ള മറ്റ് ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്നതിനാൽ ഇതിനു കേരളം മുതിർന്നില്ല. ഇളവിനു മാത്രമുള്ള തരംതിരിവല്ലെന്നു സ്ഥാപിക്കാൻ 2011ൽ ഇത്തരത്തിൽ 66 ഗ്രേഡ് വൺ പഞ്ചായത്തുകളെ തരംതിരിച്ച ഉത്തരവ് കേരളം ഹാജരാക്കി. ഇത് അംഗീകരിച്ചാണ് ഈ 175ൽപെട്ട 66 പഞ്ചായത്തുകൾക്ക് ഇളവു നൽകിയത്.
2019ലെ സിആർസെഡ് വിജ്ഞാപനം ഇറങ്ങിയ സമയത്ത് നിലവിലുള്ള, നഗരസ്വഭാവമുള്ള പഞ്ചായത്തുകളെ മാത്രമേ പരിഗണിക്കുകയുള്ളൂ എന്ന ന്യായീകരണമാണ് കേന്ദ്രം ഉയർത്തിയിരിക്കുന്നത്. എന്നാൽ 2019ലെ വിജ്ഞാപനം പ്രാബല്യത്തിലാകുന്നതു പ്ലാൻ നിലവിൽ വരുമ്പോഴാണ് എന്നതിനാൽ, 175 പഞ്ചായത്തുകളെയും പരിഗണിക്കണമെന്നാണു കേരളത്തിന്റെ വാദം.
കണ്ടൽക്കാടുകളുടെ അടയാളപ്പെടുത്തലാണ് ഇനി ശേഷിക്കുന്ന മറ്റൊരു നടപടി. സ്വകാര്യ, സർക്കാർ ഭൂമിയിലെ കണ്ടൽക്കാടുകൾ നേരിട്ട് അടയാളപ്പെടുത്തണം. സർക്കാർ ഭൂമിയിലെ കണ്ടൽക്കാടിന് 50 മീറ്റർ ബഫർ സോണും നിർണയിക്കണം. പൂർത്തിയാകാൻ ഒന്നരമാസം കൂടിയെടുക്കും. ഇതിനുശേഷം ജനങ്ങളുടെ പരാതി കേൾക്കാനുള്ള പബ്ലിക് ഹിയറിങ്ങിലേക്കു കടക്കും.
ഇളവ് ലഭിച്ച 60 പഞ്ചായത്തുകൾ
∙ തിരുവനന്തപുരം: അണ്ടൂർക്കോണം, ചെങ്കൽ, കടയ്ക്കാവൂർ, മംഗലപുരം, വക്കം.
∙ എറണാകുളം: ചെല്ലാനം, ചേരാനല്ലൂർ, എളങ്കുന്നപ്പുഴ, കടമക്കുടി, കുമ്പളം, മുളവുകാട്, കുമ്പളങ്ങി, നായരമ്പലം, ഞാറയ്ക്കൽ, വരാപ്പുഴ.
∙ തൃശൂർ: പാവറട്ടി
∙ മലപ്പുറം: ചേലേമ്പ്ര, തേഞ്ഞിപ്പലം, വാഴക്കാട്, വാഴയൂർ.
∙ കോഴിക്കോട്: അത്തോളി, അഴിയൂർ, ബാലുശ്ശേരി, ചേളന്നൂർ, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, ചോറോട്, എടച്ചേരി, ഏറാമല, കടലുണ്ടി, കക്കോടി, കോട്ടൂർ, മാവൂർ, മൂടാടി, നടുവണ്ണൂർ, ഒളവണ്ണ, പെരുമണ്ണ, പെരുവയൽ, തലക്കുളത്തൂർ, തിക്കോടി, തിരുവള്ളൂർ, ഉള്ളിയേരി.
∙ കണ്ണൂർ: അഴീക്കോട്, ചെറുകുന്ന്, ചിറയ്ക്കൽ, ചൊക്ലി, കല്യാശ്ശേരി, കണ്ണപുരം, മാട്ടൂൽ, ന്യൂമാഹി, പാപ്പിനിശ്ശേരി, രാമന്തളി, വളപട്ടണം.
∙ കാസർകോട്: അജാനൂർ, ചെങ്ങള, മൊഗ്രാൽ പുത്തൂർ, പള്ളിക്കര, പുല്ലൂർ പെരിയ, തൃക്കരിപ്പൂർ, ഉദുമ.
No comments