സ്ത്രീകൾക്ക് സ്വയം തൊഴിൽ
കുണ്ടായിതോട്ടില്‍ 15 വര്‍ഷംമുമ്പ് തുടങ്ങിയ ഫൂട്ട്വേര്‍ വില്ലേജിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നു. യന്ത്രസഹായമില്ലാതെ മനുഷ്യനിര്‍മിത ഫാന്‍സി ചെരിപ്പുനിര്‍മാണത്തിന്റെ പ്രവര്‍ത്തനവും പരിശീലനവുമാണ് പുതിയതായി തുടങ്ങുന്നത്. വീട്ടമ്മമാരെ സ്വയംപര്യാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുട്ടികളുടെയും സ്ത്രീകളുടെയും കൈനിര്‍മിത ഫാന്‍സി ചെരിപ്പ് നിര്‍മാണപദ്ധതിക്ക് തുടക്കമിട്ടത്. ആദ്യഘട്ടത്തില്‍ 20 സ്ത്രീകള്‍ക്കാണ് പരിശീലനം നല്‍കിയത്. കുണ്ടായിത്തോട് ഫൂട്ട്വേര്‍ നിര്‍മാണ യൂണിറ്റിലാണ് പദ്ധതിയുടെ ആദ്യഘട്ടം നടക്കുന്നത്. പരിശീലന ഉദ്ഘാടനം ഓഗസ്റ്റില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തിരുന്നു.
ലക്ഷ്യങ്ങള്‍
എല്ലാ സ്ത്രീകള്‍ക്കും വ്യവസായസ്ഥാപനങ്ങളില്‍പോയി ജോലിചെയ്യാനുള്ള സാഹചര്യം ഉണ്ടാവണമെന്നില്ല. അതിനാല്‍ അവരുടെ വീട് തന്നെ നിര്‍മാണശാലയാക്കുകയെന്നതാണ് ലക്ഷ്യം. മുബൈയിലെ തക്കരപ്പയിലും മറ്റ് കോളനികളിലേയും സ്ത്രീകള്‍ അവരുടെ വീടുകള്‍ തുടങ്ങിയ ചെരിപ്പുനിര്‍മാണത്തിന്റെ മാതൃക കേരളത്തിലും പ്രാവര്‍ത്തികമാക്കുകയാണ് പദ്ധതികൊണ്ടുദ്ദേശിക്കുന്നതെന്ന് എഫ്.ഡി.ഡി.സി. ഡയറക്ടര്‍ ഹാഷിം പറഞ്ഞു.
ആദ്യഘട്ടത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ പഴയ ചെറുവണ്ണൂര്‍ നല്ലളം പഞ്ചായത്ത്, ബേപ്പൂര്‍ മേഖല, ഫറോക്ക് നഗരസഭ, രാമനാട്ടുകര നഗരസഭ, കടലുണ്ടി, ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലെ രണ്ടായിരത്തോളം വരുന്ന കുടുംബങ്ങളിലെ മുപ്പത്തിയഞ്ച് വയസ്സിനുതാഴെ പ്രായമുള്ള ഒരു കുടുംബത്തിലെ ഒരു വനിതയ്ക്ക് പരിശീലനം നല്‍കും.
പ്രവര്‍ത്തനം ഇങ്ങനെ
കൈനിര്‍മിത ഫാന്‍സി ചെരിപ്പ്, കുട്ടികളുടെയും സ്ത്രീകളുടെയും ഫാന്‍സി ചെരിപ്പ് നിര്‍മാണത്തിനുള്ള അസംസ്‌കൃതവസ്തുക്കള്‍ കുണ്ടായിതോടിലെ ഫൂട്ട്വേര്‍ വില്ലേജില്‍നിന്ന് യന്ത്രമുപയോഗിച്ച് പാകപ്പെടുത്തി നല്‍കും. പിന്നീട് വീടുകളില്‍ നിന്ന് പശയുംമറ്റും ചേര്‍ത്ത് ഒട്ടിച്ചശേഷം വന്‍കിട കമ്പനികള്‍ക്ക് കൈമാറിയും സ്വന്തംനിലയിലും വിപണി കണ്ടെത്താം.
വിപണി വിപുലമാവും
സ്വന്തമായി വിപണി കണ്ടെത്തുവാന്‍ കഴിയുന്നതോടൊപ്പം വന്‍കിട ചെരിപ്പ് നിര്‍മാണയൂണിറ്റുകളുടെ സഹകരണവും പദ്ധതിക്ക് ലഭിക്കുകൂടി ചെയ്യുന്നതോടെ നിരവധി വനിതകള്‍ ഈ മേഖലയിലേക്ക് കടന്നുവരും
- വി.കെ.സി. മമ്മദ് കോയ,പ്രസിഡന്റ് എഫ്.ഡി.ഡി.സി.
മറ്റ് സംസ്ഥാനങ്ങളുടെ മാതൃകയില്‍
ഇതരസംസ്ഥാന തൊഴിലാളികള്‍മാത്രം കൈവെച്ച മേഖലയായിരുന്നു അപ്പര്‍ സ്റ്റിച്ചിങ്ങുകള്‍. അതിന്റെ ചുവടുപിടിച്ചാണ് വീട്ടമ്മമാര്‍ക്കായി കേരളത്തിലും പദ്ധതി ആവിഷ്‌കരിച്ചത്.
-കെ.പി.എ. ഹാഷിം, ഡയറകടര്‍ എഫ്.ഡി.സി.സി.

No comments