ഞാന്‍ മലപ്പുറത്തിന് ഒപ്പം; ട്വിറ്റര്‍ ട്രന്‍ഡിങില്‍ ഒന്നാമതായി ഹാഷ്ടാഗ്- വിദ്വേഷ പ്രചാരണത്തിന് ചുട്ട മറുപടി
കോഴിക്കോട്: മലപ്പുറം ജില്ലയ്‌ക്കെതിരെയുള്ള സംഘ്പരിവാറിന്റെ വിദ്വേഷ പ്രചാരണത്തിന് ചുട്ട മറുപടി നല്‍കി ട്വിറ്റര്‍. ഐ സ്റ്റാന്‍ഡ് വിത്ത് മലപ്പുറം എന്ന ഹാഷ്ടാഗാണ് മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റില്‍ ട്രന്‍ഡിങായത്. ഇന്ന് വൈകിട്ട് ഇന്ത്യയിലെ ട്രന്‍ഡിങില്‍ ഒന്നാമതാണ് ഈ ഹാഷ്ടാഗ്.
പാലക്കാട് ജില്ലയില്‍ ആന കൊല്ലപ്പെട്ട സംഭവത്തില്‍ ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മനേകാ ഗാന്ധിയാണ് മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചാരണത്തിന് തുടക്കം കുറിച്ചത്. മലപ്പുറം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കുപ്രസിദ്ധമാണ് എന്നും നൂറു കണക്കിന് ജീവികളെ ജില്ലയില്‍ കൊന്നൊടുക്കിയിട്ടുണ്ട് എന്നുമായിരുന്നു മനേകയുടെ ആരോപണം. സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലും വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലുമാണ് അവര്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്. സീ ന്യൂസ് അടക്കമുള്ള തീവ്രവലതു പക്ഷ മാദ്ധ്യമങ്ങള്‍ അതേറ്റു പിടിക്കുകയും ചെയ്തു.
മനേകയുടെ പ്രസ്താവനയ്ക്ക് പിന്നാലെ, ട്വിറ്ററില്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്ന നൂറു കണക്കിന് യൂസര്‍മാര്‍ വ്യാജ പ്രചാരണം അഴിച്ചുവിട്ടു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്ത് ഹിന്ദുക്കള്‍ ആരാധിക്കുന്ന ആനയെ കൊല്ലുകയായിരുന്നു എന്ന തരത്തിലുള്ള പ്രചാരണവുമുണ്ടായി. ചിലര്‍ ജില്ലയിലെ മുസ്‌ലിംകളുടെ ജനസംഖ്യാ കണക്കുകളും കൊണ്ടുവന്നു.
ഇതിനു പിന്നാലെ, മലയാളത്തിലെ സിനിമാ താരങ്ങള്‍ അടക്കമുള്ളവര്‍ പ്രചാരണത്തിനെതിരെ ഒറ്റക്കെട്ടായി രംഗത്തു വരികയായിരുന്നു. സിനിമാ ലോകത്തു നിന്ന് പൃഥ്വിരാജ്, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, നീരജ് മാധവ് തുടങ്ങിയവര്‍ ഇതിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. മനേകാ ഗാന്ധിക്ക് ലജ്ജയില്ലേ എന്നായിരന്നു പാര്‍വതി ചോദിച്ചത്.
ഒരു ജില്ലയെയും അവിടത്തെ മുസ്‌ലിം ജനസംഖ്യയെയും ആക്രമിക്കാനുള്ള വിദ്വേഷ പ്രചാരണമാണ് നടക്കുന്നത് എന്നായിരുന്നു റിമയുടെ പ്രതികരണം. സംഭവത്തിന് വര്‍ഗീയ ബന്ധമൊന്നുമില്ല. നടന്നത് മലപ്പുറത്തുമല്ല എന്നാണ് പ്രിഥ്വിരാജ് പറഞ്ഞത്. ആന പ്രശ്‌നം വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ വണ്ടി വിട്ടോ, ഇത് കേരളമാണ് എന്നായിരുന്നു നീരജിന്റെ പ്രതികരണം.
താരങ്ങള്‍ക്ക് പുറമേ, നിരവധി പേരും വസ്തുത ചൂണ്ടിക്കാണിച്ച് ട്വിറ്ററില്‍ കുറിപ്പുകളിട്ടു. സംഘ്പരിവാറിന്റെ ആസൂത്രിതമായ ആക്രമണത്തെ ശക്തമായി ചെറുക്കുന്ന പ്രതികരണമാണ് ഇന്നുടനീളം ട്വിറ്ററില്‍ ദൃശ്യമായത്.

No comments