അച്ഛനില്ലാത്ത ലോകത്ത് അച്ഛന്റെ നന്മയുടെ കഥകള്‍ കേട്ട് അവള്‍ വളരും; ആതിരക്കും നിതിനും പെണ്‍കുഞ്ഞ്
കോഴിക്കോട്: നിറവയറുമായി നില്‍ക്കുന്ന പ്രിയപ്പെട്ടവളെ സുരക്ഷിത സ്ഥാനത്തെത്തിച്ച് അവന്‍ മറഞ്ഞു. എന്നാല്‍ അവള്‍ വളരും അച്ഛനില്ലാത്ത ലോകത്ത് അച്ഛന്റെ നന്മയുടെ കഥകള്‍ കേട്ട്. പ്രവാസികളായ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമാപിച്ച് ജനശ്രദ്ധ നേടിയ ദമ്പതികളായ ആതിരയ്ക്കും കുഞ്ഞ് പിറക്കുന്നതിനു തലേന്ന് ലോകത്ത് നിന്നും മാഞ്ഞ നിതിനും പെണ്‍കുഞ്ഞ് പിറന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് പ്രിയതമന്റെ വിയോഗമറിയാതെ ആതിര നിതിന്റെ പൊന്നോമനയ്ക്ക് ജന്മം നല്‍കിയത്.
നിതിന്റെ വേര്‍പാട് സൃഷ്ടിച്ച സങ്കടക്കടലിലാണ് കുടുംബം. അതിനേക്കാളുപരി നിതിന്റെ വിയോഗവാര്‍ത്ത എങ്ങനെ ആതിരയെ അറിയിക്കുമെന്നോര്‍ത്തുള്ള ആവലാതിയിലും.
കൊവിഡ് ഭീതിക്കാലത്തെ പ്രവാസികളുടെ മടങ്ങിവരവിന് വഴിയൊരുക്കിയവരില്‍ മുന്നിലുണ്ടായിരുന്നു അവന്‍. മെയ് എട്ടിനാണ് ആതിര നാട്ടിലെത്തിയത്. നേരത്തെ, ജൂലൈ ആദ്യ വാരത്തില്‍ നടക്കേണ്ട പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങാനിരിക്കെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ആതിരയുടെ യാത്ര നീളുകയായിരുന്നു. ആതിരയുള്‍പ്പെടെ നിരവധി പേരുടെ യാത്രയും അനിശ്ചിതത്വത്തിലായി. എന്നാല്‍ വരുന്നിടത്ത് വെച്ച് കാണാം എന്ന് കരുതിയിരിക്കാന്‍ തയ്യാറായില്ല അതിരയും നിതിനും. യാത്ര അനിശ്ചിതത്വത്തിലായ നൂറുകണക്കിനാളുകളുടെ പ്രതിനിധിയായി ദുബായിലെ ഇന്‍കാസ് യൂത്ത് വിങ്ങിന്റെ സഹായത്തോടെ അവര്‍ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.
നല്ലൊരു സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായിരുന്നു ദുബായില്‍ മെക്കാനിക്കനല്‍ എഞ്ചിനീയറായ നിതിന്‍. ബ്ലഡ് ഡോണേഴ്സ് കേരളയുടെ ദുബായിലെ അമരക്കാരനായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായിരുന്നു.

No comments