Breaking News

ഒളവണ്ണ കോവിഡ് ചികിത്സാ കേന്ദ്രം രണ്ട് ദിവസങ്ങള്‍ക്കകം ആരംഭിക്കും


ഒളവണ്ണയില്‍ കൊറോണ ചികിത്സക്കായുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ രണ്ട്
ദിവസങ്ങള്‍ക്കകം ആരംഭിക്കാന്‍ തീരുമാനമായി. കോവിഡ് -19 ന്‍റെ പശ്ചാതലത്തില്‍ ഒളവണ്ണ 
ഗ്രാമപഞ്ചായത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും പുതിയ 
സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനും പി.ടി.എ റഹീം 
എം.എല്‍.എയുടെ അധ്യക്ഷതയിൽ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ്  തീരുമാനമായത്.

വാര്‍ഡ് ആര്‍.ആര്‍.ടികളെ സഹായിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച അധ്യാപകര്‍ ഗ്രാമപഞ്ചായത്തുമായും പോലീസ് അധികാരികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കും. തെരുവ് കച്ചവടങ്ങള്‍ അനുവദിക്കില്ല. കണ്ടയിന്‍മെന്‍റ് സോണുകളില്‍ ആരാധനാലയങ്ങളിലെ കൂട്ട പ്രാര്‍ത്ഥനകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുന്നതിനും തീരുമാനമായി.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. 
തങ്കമണി, വൈസ് പ്രസിഡന്‍റ് പി. മനോജ്, ക്ഷേകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ 
കെ.കെ ജയപ്രകാശന്‍, വാര്‍ഡ് മെമ്പര്‍ അബ്ദുല്‍ അസീസ്, സെക്രട്ടറി ടി അനില്‍ കുമാര്‍, പന്തീരങ്കാവ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബൈജു കെ ജോസ്, നല്ലളം സബ് ഇന്‍സ്പെക്ടര്‍ യു. സനീഷ്, കെ. ബൈജു, എന്‍. സുജിത് തുടങ്ങിയവർ സംസാരിച്ചു.

1 comment:

  1. കഴിഞ്ഞ വെള്ളപ്പൊക്കം ആഗസ്റ്റ് 8 നായിരുന്നു. 2018ൽ ആഗസ്റ്റ് 14 ന് ഇത്തവണ.....

    കോവിഡ് വ്യാപനം വർധിച്ചതോടെ പഞ്ചായത്തുകളിൽ പ്രാഥമിക ചികിത്സാ സൗകര്യമൊരുക്കുന്നതിന് ശ്രമങ്ങളാരംഭിച്ചു. ഒളവണ്ണയിൽ കൈമ്പാലത്തെ ഗ്ലോബൽ സ്കൂളാണ് ഇതിനായി കണ്ടെത്തിയത്. ജനവാസ കേന്ദ്രത്തിന് നടുവിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ ഹാളിനോട് ചേർന്ന് പര്യാപ്തമായ ശുചിമുറി സംവിധാനം ഉണ്ടെന്ന കാരണമാണ് ഉയർന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കേന്ദ്രങ്ങളെ ഒഴിവാക്കി ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് നടത്തിയതിന് പ്രധാന കാരണമായി പറയുന്നത്.

    കഴിഞ്ഞ രണ്ട് പ്രളയകാലത്തും സാമാന്യം മോശമായ നിലയിൽ വെള്ളപ്പൊക്കത്തിൽ പെട്ട ഭാഗത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്തായി ധാരാളം വീടുകളും വ്യവസായ കേന്ദ്രങ്ങളുമുണ്ട് എന്നതും ഗൗരവമായി പരിഗണിക്കേണ്ട കാര്യങ്ങളാണ്.

    പോയ വർഷം ദുരിതാശ്വാസ കേന്ദ്രമായി കണ്ടെത്തിയ സഫയർ സ്കൂളിന് ഉണ്ടായ അനുഭവം നമ്മുടെ മുമ്പിലുണ്ട്. നാലു ഭാഗവും വെള്ളം മൂടിയപ്പോൾ അവിടെ താമസിപ്പിച്ചവരെ രക്ഷപ്പെടുത്താൻ നന്നേ പ്രയാസപ്പെടേണ്ടി വന്നിരുന്നു.

    അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ.
    താഴ്ന്ന പ്രദേശത്ത് ആശുപത്രിക്ക് സ്ഥലം കണ്ടെത്തിയത് വീഴ്ചയാവാതിരിക്കട്ടെ

    ReplyDelete