Breaking News

കയര്‍ ഭൂവസ്ത്രം വ്യാപിപ്പിക്കല്‍ പദ്ധതിആവിഷ്കരിക്കാന്‍ തീരുമാനം

കുന്ദമംഗലം:
കയര്‍ ഭൂവസ്ത്രത്തിന്‍റെ ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി ആവിഷ്കരിക്കുന്നതിന് കുന്ദമംഗലം രാജീവ്ഗാന്ധി സേവാഗര്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ യോഗം പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 

കയര്‍ കേരള പ്രദര്‍ശനത്തോടനുബന്ധിച്ച് കുന്ദമംഗലം, കോഴിക്കോട് എന്നീ ബ്ലോക്ക് പരിധിയിലുള്ള പത്ത് ഗ്രാമപഞ്ചായത്തുകള്‍ 1,97,168 ച.മീറ്റര്‍ കയര്‍ ഭൂവസ്ത്രം, മണ്ണ്-ജല സംരക്ഷണ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വാങ്ങുന്നതിന് കയര്‍ഫെഡുമായി ധാരണ പത്രം ഒപ്പിട്ടിരുന്നു. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 5 മാസം  മാത്രം ബാക്കിയിരിക്കെ നാമമാത്രമായ  ഓര്‍ഡറുകള്‍ മാത്രമാണ് ഇവ ലഭ്യമാക്കിയിട്ടുള്ളത്. 
ഈ സാഹചര്യം പരിഗണിച്ച് കയര്‍ ഭൂവസ്ത്രത്തിന്‍റെ ഉപയോഗം വര്‍ദ്ധിപ്പിക്കുവാന്‍ ലക്ഷ്യമിട്ടാണ് വിപുലമായ അവലോകനയോഗം ചേര്‍ന്നത്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍  ഉള്‍പ്പെടുത്തിയാണ് ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ മണ്ണ്-ജല സംരക്ഷണത്തിന് കയര്‍ ഭൂവസ്ത്രം സ്ഥാപിച്ചു വരുന്നത്. നേരത്തെയുണ്ടാക്കിയ ധാരണപ്രകാരം കുന്ദമംഗലം, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട  പെരുവയല്‍ ഗ്രാമപഞ്ചായത്ത് 1,500 ച.മീറ്ററും കടലുണ്ടി 4,463 ച.മീറ്ററും കയര്‍ ഭൂവസ്ത്രം മാത്രമാണ് കയര്‍ഫെഡില്‍ നിന്നും വാങ്ങിയിട്ടുള്ളത്. മറ്റ് പഞ്ചായത്തുകള്‍ ഭൂവസ്ത്രം വാങ്ങുന്നതിന് ഇതുവരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല.

കയര്‍ഫെഡ് പ്രസിഡന്‍റ് അഡ്വ. എന്‍ സായികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജിത പൂക്കാടന്‍ മുഖ്യ പ്രഭാഷണം നടത്തി. കുന്ദമംഗലം ജോയിന്‍റ് ബി.ഡി.ഒ കെ.പി രാജീവ് പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്മാരായ ഓളിക്കൽ ഗഫൂര്‍, പുലപ്പാടി ഉമ്മർ, എ സരിത, ലിജി പുല്‍ക്കുന്നുമ്മല്‍, വി അനുഷ, സി ഉഷ, ബ്ലോക്ക് മെമ്പർ എൻ ഷിയോലാൽ, കയർഫെഡ് ഡയരക്ടർ പ്രേമന്‍ അക്രമണ്ണില്‍, പ്രോജക്ട് ഓഫീസർ പി.ആര്‍ സിന്ധു, മാർകറ്റിംഗ് മാനേജർ ശ്രീവര്‍ദ്ധന്‍ നമ്പൂതിരി, സംസാരിച്ചു. കയര്‍ഫെഡ് ഡയറക്ടര്‍ ദേവന്‍ മങ്ങന്തറ സ്വാഗതവും റീജ്യണല്‍ ഓഫീസര്‍ ടി.കെ ജീവാനന്ദന്‍ നന്ദിയും പറഞ്ഞു.

No comments